മതിയായ ക്വാളിഫിക്കേഷനില്ലാത്ത, വ്യാജ ബിരുദമുള്ള നിരവധി ഡോക്ടര്‍മാര്‍ ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്. അവരെക്കുറിച്ച് വ്യക്തമായ വിവരമോ, അവര്‍ക്കെതിരെ നിയമ നടപടിയോ ഉണ്ടാകുന്നില്ല. മലപ്പുറം പോലെ ജനസംഖ്യ കൂടുതലുള്ളതും മതിയായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്ലാത്തതുമായ സ്ഥലങ്ങളിലാണ് ഇത്തരം വ്യാജന്മാര് കൂടുതലുള്ളത്. നാട്ടുകാര്‍ തന്നെയാണ് ഇത്തരം വ്യാജന്മാരെ പ്രോത്സാഹിപ്പിക്കുന്നത്. ‘ അര്‍ധരാത്രി പെട്ടെന്ന് വയറുവേദന വരുമ്പോള്‍ ഞങ്ങള്‍ എവിടെ പോകാനാണ് ‘ എന്ന ന്യായമാണ് ഉള്‍നാടന്‍ മേഖലകളിലെ ജനങ്ങള്‍ ചോദിക്കുന്നത്.
മതിയായ ക്വാളിഫിക്കേഷനോ ബിരുദമോ ഇല്ലാത്ത ഇത്തരം വ്യാജന്മാര് വ്യക്തമായ ഒരു ധാരണയുമില്ലാതെ തന്നെ അവര്‍ക്കു മുന്നില്‍ എത്തുന്നവര്‍ക്ക് മരുന്നുകള്‍ എഴുതി നല്കുന്നു. എവിടെ നിന്നൊക്കെയോ ശേഖരിച്ച ചില അറിവുകള്‍ വെച്ചാണ് ഇവര്‍ രോഗികള്‍ക്ക് മരുന്ന് നല്‍കുന്നത്. ഇതിന്റെ ഫലമായി രോഗികളുടെ അവസ്ഥ കൂടുതല്‍ മോശമാകുന്നതായാണ് പലപ്പോഴും കാണുന്നത് . സ്ഥിതി കൂടുതല്‍ വഷളാകുമ്പോഴാണ് രോഗികള്‍ ആശുപത്രികളില്‍ അഭയം തേടുന്നത്.
2007-2008 കാലഘട്ടത്തില്‍ നിലമ്പൂര്‍ ഐഎംഎ പ്രസിഡന്റായിരുന്ന സമയത്ത് വ്യാജ ചികിത്സക്കെതിരെ ശക്തമായ നിലപാടെടുക്കണം എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളുടെ ടീമിലുള്ളവര്‍ നിലമ്പൂര്‍ ഭാഗത്തെ വ്യാജ ചികിത്സകരെ കണ്ടെത്താനുള്ള ശ്രമം നടത്തി. അന്ന് കരുവാരക്കുണ്ട് ദയ ഹോസ്പിറ്റലിലെ ഒരു വനിതാ ഡോക്ടറെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. അവര്‍ ഐഎംഎ അംഗത്വമെടുക്കാതിരുന്നതും ബിരുദ രേഖകള്‍ കാണിക്കാന്‍ മടി കാണിച്ചതുമാണ് സംശയത്തിനിടയാക്കിയത്. ഒടുവില്‍ പൊലീസ് എത്തിയപ്പോഴേക്കും അവര്‍ അവിടുന്ന് മുങ്ങി. പിന്നീട് അറിയാന്‍ കഴിഞ്ഞത് അവര്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വ്യാജ ചികിത്സ നടത്തി വരികയായിരുന്നു എന്നാണ്.
വൃക്ക രോഗമുള്ള രോഗി വ്യാജ ചികിത്സകന്റെ അടുത്ത് ചെല്ലുന്നുവെന്ന് കരുതുക. വൃക്ക രോഗമുള്ളവര്‍ക്ക് വേദനസംഹാരികളോ ചില പ്രത്യേക മരുന്നുകളോ നല്കാന് പാടുള്ളതല്ല. എന്നാല്‍ ഇതേക്കുറിച്ചൊന്നും അറിവില്ലാത്ത വ്യാജ ചികിത്സകര്‍ ഇവര്‍ക്ക് വേദനസംഹാരികള്‍ നല്‍കിയേക്കാം. ദിവസങ്ങള്‍ക്കകം രോഗം മൂര്‍ച്ഛിച്ച് രോഗി അത്യാസന്ന നിലയിലാകും. കുട്ടികളിലെ അസുഖങ്ങള്‍ ഇവര്‍ ചികിത്സിക്കുന്നതാണ് ഏറ്റവും അപകടം.
ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു റിപ്പോര്‍ട്ടുണ്ട്. പ്രമേഹരോഗം ആറു മാസം കൊണ്ട് പൂര്‍ണ്ണമായും ഭേദമാക്കുന്ന മരുന്ന് ഒരു വ്യാജ ഡോക്ടര്‍ അവതരിപ്പിക്കുന്നു എന്നതാണത്. ഈ മരുന്നിലെ ചേരുവകള്‍ എന്തൊക്കെയാണ്, ഏത് കമ്പനിയാണ് ഇതുണ്ടാക്കിയത്, ഇതിന്റെ പേറ്റന്റ് വിവരങ്ങളെന്താണ് തുടങ്ങിയ ഒരു വിവരവും വ്യാജ ഡോക്ടര്‍ പറയുന്നില്ല. ആയുര്‍വേദമാണോ അലോപ്പതിയാണോ ഹോമിയോ ആണോ എന്നുപോലും അറിയില്ല. മരുന്ന് വാങ്ങി ഉപയോഗിക്കുന്നവര്‍ ഇതൊന്നും ചോദിക്കാറുമില്ല. പലപ്പോഴും ഇവര്‍ വിറ്റഴിക്കുന്ന മരുന്ന് വാങ്ങി ലാബില്‍ പരിശോധിച്ചാല്‍ അതില്‍ അലോപ്പതി മരുന്നുകളുടെ കണ്ടന്റ് കാണാന്‍ കഴിയും. പച്ച മരുന്നുകളോടൊപ്പം അലോപ്പതി മരുന്ന് വാങ്ങി പൊടിച്ചു ചേര്‍ക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്. ലോകത്ത് ഇതുവരെ പ്രമേഹ ചികിത്സയ്ക്ക് ഒരു ഒറ്റമൂലിയും കണ്ടെത്തിയിട്ടില്ല. ഒറ്റത്തവണ മരുന്ന് കഴിച്ചാല്‍ മാറുന്ന അസുഖമല്ല പ്രമേഹം. എന്നാല്‍ ശരിയായ ചികിത്സയെടുത്ത് പ്രമേഹം നൂറു ശതമാനം നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്നുകള്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിലുണ്ട്.
മാരക രോഗമായ കാന്‍സറിനു വരെ ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുന്ന വ്യാജന്മാര് ഉണ്ട്. ഭീമമായ തുകയാണ് ഇവര്‍ പലപ്പോഴും ഈ മരുന്നുകള്‍ക്ക് ഈടാക്കുന്നത്. അത്തരം മരുന്നുകള്‍ അലോപ്പതി മരുന്ന് പൊടിച്ചു ചേര്‍ക്കുന്നതോ പച്ചിലകള്‍ കൊണ്ടുണ്ടാക്കിയതോ ആയിരിക്കും. വളരെ കുറഞ്ഞ ചിലവില്‍ ഇത്തരം മരുന്നുകള്‍ ഉണ്ടാക്കാം. എന്നാല്‍ ജനമിങ്ങനെ വ്യാജ വാര്‍ത്തകളില്‍ വിശ്വസിച്ച് വലിയ തുകകള്‍ മുടക്കി വഞ്ചിതരാകുന്നത് പതിവ് സംഭവമാകുകയാണ്.
ഇത്തരം ആളുകളെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടേണ്ടതുണ്ട്. പൊലീസും ഉത്തരവാദപ്പെട്ടവരും ഇത്തരക്കാരെ കണ്ടെത്താന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തണം. സാമൂഹിക മാധ്യമങ്ങള്‍, ടിവി ചാനലുകള്‍, പത്രമാധ്യമങ്ങള്‍ എന്നിവ വഴി ശക്തമായ ബോധവല്‍ക്കരണം നടത്തിയെങ്കില്‍ മാത്രമേ ഈ വിപത്തില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയൂ.