നടുവേദന കൊണ്ട് വലഞ്ഞിട്ടില്ലാത്തവര്‍ ഇന്ന് കുറവാണ്. പ്രായഭേദമന്യേ നടുവേദന മൂലം ബുദ്ധിമുട്ടുന്നവര്‍ ഒരുപാടുണ്ട്. പുതിയ ജീവിത ശൈലികളും ഭക്ഷണ രീതികളും മറ്റുമാണ് പ്രധാനമായും ഇതിന് കാരണം. വ്യായാമക്കുറവ്, പുതിയ തൊഴില്‍ രീതി, വാഹനങ്ങളുടെ അമിത ഉപയോഗം എന്നിവയും നടുവേദനക്ക് കാരണമാകും.
വേദനയെടുക്കുമ്പോള്‍ ഏതെങ്കിലുമൊക്കെ മരുന്ന് വാങ്ങി സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ കണ്ടു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
നടുവേദന പലതരം കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. തുടര്‍ച്ചയായി ഇരുന്നോ നിന്നോ ജോലി ചെയ്യുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ഇത് വരാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്. ഇത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകളിലാണ് അസുഖം കൂടുതലായി കാണുന്നത്. നട്ടെല്ലിന് തേയ്മാനം സംഭവിക്കുന്നതും ഡിസ്ക് തേയ്മാനവും ഇതിന് കാരണമാകാം.
ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, നട്ടെല്ലിലെ ട്യൂമറുകള്‍ എന്നിവ മൂലവും ഇതുണ്ടാകാറുണ്ട്.
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് നട്ടെല്ല്. 33 കശേരുക്കള്, ഡിസ്ക് പേശികള്‍ എന്നിവ നട്ടെല്ലിന്റെ ഭാഗമാണ്. ഈ കശേരുക്കള്‍ക്ക് ഇടയിലുള്ള മൃദുവായ ഭാഗമാണ് ഡിസ്ക്. ഡിസ്കിന് തകരാര്‍ സംഭവിച്ചാല്‍ അത് നടുവേദനക്ക് കാരണമായേക്കാം.
ഡിസ്കിന്റെ പുറം ഭാഗം അനലസ് ഫൈബ്രോയ്ഡ് എന്നും അകം ഭാഗം ന്യൂക്ലിയസ് പള്‍പോസസ് എന്നും അറിയപ്പെടുന്നു. ഭാരം എടുക്കുമ്പോള്‍ ന്യൂക്ലിയസ് പള്‍പോസസ് പുറത്തേക്ക് തള്ളി വരാന്‍ സാധ്യതയുണ്ട്. പ്രായം കൂടുമ്പോഴും ഇത് സംഭവിക്കും. ഇത് കടുത്ത നടുവേദന ഉണ്ടാക്കാന്‍ കാരണമാകുന്നു. ഈ വേദന പിന്നീട് കാലുകളിലേക്കും വ്യാപിക്കും.
നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാം. ഇതോടൊപ്പം സന്ധിവാതം മൂലവും നടുവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്പോണ്ടിലൈറ്റിസ് എന്ന രോഗം മൂലവും നടുവേദന ഉണ്ടാകും. ചെറുപ്പക്കാരില്‍ കാണുന്ന നടുവേദനയ്ക്ക് പിന്നില്‍ പലപ്പോഴും ഈ രോഗമാണ്. ഈ വേദന ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാനും സാധ്യത കൂടുതലാണ്.
പരിഹാരങ്ങള്‍
ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നടുവേദനയോട് ബൈ പറയാം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും. നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകള്‍ ഉപയോഗിക്കുന്നത് സഹായിക്കും.
നട്ടെല്ല് നിവര്‍ന്ന് വേണം ജോലി ചെയ്യാന്‍. കൂടാതെ വാഹനമോടിക്കുമ്പോഴും ഒരേയിരുപ്പ് ഇരിക്കാതെ ഇടക്ക് നിര്‍ത്തി വിശ്രമിക്കുക. മരുന്നിലൂടെയും മാറാത്ത നടുവേദനയുള്ളവരെ സര്‍ജറിക്ക് വിധേയമാക്കും. ഡിസ്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകളാണ് ഇതിനായി നടത്തുക. പ്രശ്നമുള്ള ഡിസ്ക് മാറ്റി വയ്ക്കാനുള്ള ശസ്ത്രക്രിയയും ഇന്ന് നിലവിലുണ്ട്. കൃത്രിമമായ ഡിസ്ക് വച്ചാകും ഇത് പരിഹരിക്കുന്നത്.
പലപ്പോഴും മതിയായ വിശ്രമം ലഭിച്ചാല്‍ നടുവേദന ഒഴിയാറുണ്ട്. വിദഗ്ദ്ധ നിര്‍ദ്ദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകള്‍ കഴിക്കുന്നതും സഹായിക്കും. ഒപ്പം കൃത്യമായ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ പേശികളെ ദൃഡമാക്കും. നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും വ്യായാമത്തിന് സാധിക്കും. പൊണ്ണത്തടിയും കുടവയറും നടുവിന്റെ ആയാസം കൂട്ടുന്നു. ഫലമോ നടുവേദനയും.
കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും.