മറ്റ് വിറ്റമിനുകളെ പോലെ തന്നെ ശരീരത്തിന് അത്യാവശ്യമാണ് വിറ്റമിന്‍ സി. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും വിറ്റമിന്‍ സിയ്ക്ക് സുപ്രധാന സ്ഥാനമുണ്ട്. വിറ്റമിന്റെ കുറവുണ്ടെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍, നിശ്ചിത കാലത്തേക്ക് വിറ്റമിന്‍ സി കഴിയ്ക്കാവുന്നതാണ്.
ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന വിറ്റമിന്‍ സി അഞ്ഞൂറ് മില്ലി ഗ്രാം ഗുളികകളായാണ് ലഭിക്കുന്നത്. ദിവസേന കഴിയ്ക്കേണ്ട വിറ്റമിന്‍ സിയുടെ അളവ് ഇതിലും വളരെ കുറവാണ്. പ്രായപൂര്‍ത്തിയായ പുരുഷന് 90 മില്ലി ഗ്രാമും സ്ത്രീകള്‍ക്ക് എഴുപത്തിയഞ്ച് മില്ലി ഗ്രാമുമാണ് വിറ്റമിന്‍ സി ആവശ്യമായിട്ടുള്ളത്. കുട്ടികള്‍ക്ക് ഇതിലും താഴെ മാത്രം മതി. ശരിയായ അളവില്‍ മാത്രമേ വിറ്റമിനുകള്‍ ശരീരത്തില്‍ എത്താന്‍ പാടുകയുള്ളു. ശരീരത്തില്‍ വിറ്റമിന്‍ സിയുടെ അളവ് കൂട്ടേണ്ടവര്‍ മേല്‍പ്പറഞ്ഞ കണക്കിന് മാത്രം വിറ്റമിന്‍ സി കഴിയ്ക്കുക, അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങളുണ്ടാകാം.
ഡോക്ടറുടെ നിര്‍ദേശമില്ലാതെ വിറ്റാമിന്‍ ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് 2 ഗ്രാമില്‍ അതായത് 2000 മില്ലിഗ്രാമില്‍ കൂടാന്‍ പാടില്ല. 4 വിറ്റാമിന്‍ സി ഗുളികകള്‍ക്ക് തുല്യമാണിത്. ഈ അളവില്‍ വിറ്റാമിന്‍ സി കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍, ഡയേറിയ, വയറിളക്കം, ഛര്‍ദി, മനംപുരട്ടല്‍, കിഡ്നി സ്റ്റോണ്‍, യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കല്‍ തുടങ്ങി പലവിധ പ്രശ്നങ്ങളും ഉണ്ടാകും.
ശരീരത്തില്‍ വിറ്റമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഗുളികകളേക്കാള്‍ ഉത്തമം പ്രകൃതിദത്തമായ ആഹാരങ്ങള്‍ കഴിയ്ക്കുകയാണ്. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ആഹാരത്തില്‍ നിന്നും കിട്ടുന്ന വിറ്റാമിന്‍ സി രോഗങ്ങള്‍ക്കോ പാര്‍ശ്വഫലങ്ങള്‍ക്കോ കാരണമാകാറില്ല.
വിറ്റാമിന്‍ സി ഗുളികകള്‍ കഴിയ്ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം സപ്ലിമെന്റുകള്‍ എടുക്കാവുന്നതാണ്. അഥവാ, പ്രതിരോധ ശേഷി കൂട്ടാനാണ് ഉദ്ദേശമെങ്കില്‍ ഇലക്കറികളിലൂടെയും പഴം, പച്ചക്കറികളിലൂടെയും വിറ്റാമിന്‍ സി ധാരാളം ലഭിക്കും.
ജലദോഷം തടയാനോ, കുറയ്ക്കാനോ വിറ്റമിന്‍ സിക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. വിറ്റാമിന്‍ സി കഴിക്കുന്നതു കൊണ്ട് മാത്രം കുഞ്ഞുങ്ങള്‍ക്ക് ജലദോഷം വരാതിരിക്കുകയും ഇല്ല. ജലദോഷം, പനി എന്നിവ വരാതിരിക്കാനായി രോഗം ഉള്ളവരില്‍ നിന്നും അകലം പാലിക്കുക, തുവാല കൊണ്ട് മൂക്കും വായയും പൊത്തിപ്പിടിക്കുക. സോപ്പിട്ട് കൈ കഴുകിയതിന് ശേഷം മാത്രം ഭക്ഷണം പാകം ചെയ്യുക.