ആദിമ മനുഷ്യരുടെ ജീവിത രീതികള്‍ പിന്തുടര്‍ന്നു പോകുന്നതിനാലും, കാട്ടിനുള്ളില്‍ താമസിക്കുന്നതിനാലും ആദിവാസികള്‍ രോഗങ്ങളില്‍ നിന്ന് സുരക്ഷിതരാണെന്ന ധാരണ തെറ്റാണ്. ട്രാക്കിങ് നടത്തി കണ്ടെത്താനാവുന്നതിലും ഉള്‍ക്കാടുകളിലാണ് പല ആദിവാസി വംശങ്ങളും കഴിയുന്നത്. ഇവര്‍ ഒരിക്കലും നഗരങ്ങളിലേക്കോ മനുഷ്യ വാസം ഉള്ള ഇടങ്ങളിലേക്കോ കടന്നു വരാറില്ല. അതിനാല്‍ പലപ്പോഴും അവരുടെ അടുത്തേക്ക് തന്നെ പോയി ചികിത്സ നല്‍കുകയാണ് ചെയ്യാറുള്ളത്.പരമ്പരാഗത വൈദ്യം നിലനിന്നിരുന്ന കാലത്ത് അധികം അസുഖങ്ങളൊന്നും ആദിവാസി ഊരുകളില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ വ്യത്യസ്തമാണ്.
ആദിവാസികള്‍ക്കിടയില്‍ ഇന്ന് പല രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവയില്‍ ഒന്നാണ് സിക്കിള്‍ സെല്‍ അനീമിയ. രക്തക്കുറവ് തന്നെയാണ് പ്രശ്നം. രക്താണുക്കള്‍ അരിവാളിന്റെ രൂപത്തിലേക്ക് മാറുന്ന രോഗമാണിത്. ശരീര വേദന ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളാണ് ഇത് മൂലം ആദിവാസികള്‍ അനുഭവിക്കുന്നത്. കാട്ടില്‍ നിശ്ചിത ഇടം വരെയേ വാഹനസൗകര്യം ഉള്ളൂ. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ദൂരം താണ്ടി വേണം ആദിവാസി ഗ്രോതങ്ങളുടെ ഊരുകളില്‍ എത്താന്‍. ദുര്‍ഘടമായ യാത്രയെ കരുതി, ആദിവാസികളും കാട്ടില്‍ നിന്ന് പുറത്തേക്കെത്തി ചികിത്സ നേടാറില്ല.
കാട്ടിലാണ് കഴിയുന്നതെങ്കിലും, നിത്യവും സോപ്പ് തേച്ച് കുളിച്ചാലും പലതരത്തിലുള്ള ഫങ്കല്‍ ബാധകള്‍ മൂലം നിരവധി ത്വക്ക് രോഗങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ കണ്ടു വരാറുണ്ട്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വളരെ സജീവമായ പ്രമേഹം, പ്രഷര്‍ എന്നിവ പോലും ഈ വിഭാഗക്കാരില്‍ കണ്ടു വരുന്നുണ്ട്. മദ്യപാനവും പുകവലിയും ഉണ്ടെങ്കില്‍ പോലും കാന്‍സര്‍ രോഗം ആദിവാസികള്‍ക്കിടയില്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ വ്യത്യസ്ഥമാണ്.നാഗരികരെ പോലെ തന്നെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് ആദിവാസികളെയും രോഗങ്ങള്‍ക്ക് അടിമകളാക്കിയത്. നേരത്തെ ദീര്‍ഘദൂരമുള്ള നടത്തം, ശുദ്ധവായു, ശുദ്ധജലം എന്നിവയെല്ലാം ഇവര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇവയിലെല്ലാം കുറവുണ്ടായിരിക്കുന്നു. ഈയിടെയായി ആദിവാസി ഊരുകളില്‍ വയറിളക്ക രോഗങ്ങള്‍, പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവര്‍ ശേഖരിച്ച് വെക്കുന്ന ജലത്തില്‍ രോഗാണുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാസിനോ ഫോറസ്റ്റ് ഡിസീസ് പോലെയുള്ള പനികള്‍, നാട്ടില്‍ കാണാത്ത രോഗമായ ടിക് എന്നിവയും ആദിവാസികള്‍ക്കിടയില്‍ ഉണ്ട്. മാനസിക പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. എന്നാല്‍ മത്സര ബുദ്ധിയോ, തോല്‍വിയോടുള്ള ഭയമോ ഒന്നും അവരെ ബാധിക്കാറില്ല. ആത്മഹത്യാ നിരക്കും ആദിവാസികള്‍ക്കിടയില്‍ വളരെ കുറവാണ്. ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ പഠിച്ചവരാണ് അവരെല്ലാം. സാമൂഹ്യമായും, സാമ്പത്തികമായും, സാംസ്‌കാരികമായും ഈ വിഭാഗക്കാര്‍ മുഖ്യധാരയിലേക്ക് കടന്നു വരണം.